frndz

Friday, February 11, 2011

ജബല്‍ നൂര്‍


പ്രകാശ പര്‍വം കേറി ഹിറയിലെത്തി ഞാന്‍,
പക്ഷെ ഹിറയിലിരുളായിരുന്നു.
മാലാഖ തന്‍ ചിറകൊലിക്കായ് കാതോര്‍ത്തു ഞാന്‍,
മൂകത മാത്രം ബാക്കിയായി.
സുജൂദിന്റെ നിറവില്‍ എന്റെ കണ്ണില്‍ രക്തകണങ്ങള്‍!

എന്റെ പ്രവാചകന്‍,എന്റെ പ്രവാചകന്‍
അക്ഷരങ്ങള്‍ക്കും അര്‍ത്ഥമുണ്ടെന്നോതിയിരുന്നു.
ഇന്ന്, ഈ ഇരുളില്‍, തിരിച്ചറിയുന്നെന്നെ ഞാന്‍
"അന മാ മിന്‍ ഖാരി,അന മാ മിന്‍ ഖാരി"
എനിക്കിപ്പൊഴും വായന അറിയില്ലെന്ന്!!

Monday, February 7, 2011

എന്റെ മകള്‍

വിദേശികള്‍ക്കായ് തുറന്നിട്ട കവാടങ്ങള്‍,
കഴുകന്റെ ചിറകടി നിലക്കാത്ത അന്തരീക്ഷം
പിന്നില്‍ വലിയ മൂന്ന് വെണ്ണക്കല്‍ മിനാരങ്ങള്‍
പ്രദോഷപ്രാര്‍ത്ഥനയുടെ നിര്‍വ്രതിയുമായി
ഷാജഹാന്‍ തീര്‍ത്ത ദില്ലി ജുമാ മസ്ജിദിന്‍
പടവുകളിറങ്ങുകയായിരുന്നു ഞാന്‍.

വലിയൊരു പുണ്യം കണക്കെ,
കയ്യില്‍ കരുതിയ നാണയത്തുട്ടുകള്‍ക്ക്
കാരുണ്യത്തിനായ് കാത്തിരിക്കും
പിച്ചച്ചട്ടികളില്‍ സായൂജ്യം.
ചട്ടി പിടിച്ച പേക്കോലങ്ങള്‍
എനിക്കിതു പതിവു കാഴ്ചകള്‍
മനസ്സിന്റെ കറുപ്പിനിളക്കം തട്ടാറില്ല.
എന്റെ മനസ്സ് ചന്ദ്രയാനിലായിരുന്നു
ഞാന്‍ ചന്ദ്രനില്‍ ജലകണം തേടിയലഞ്ഞു.

ആള്‍ക്കൂട്ടത്തില്‍ തനിയെ ഒരു പെണ്‍കുട്ടി
മ്രുദുല കൈക്കുമ്പിളില്‍ ഭിക്ഷപ്പത്രമാക്കിവള്‍
ഒട്ടിയ കവിള്‍,മുഷിഞ്ഞ വസ്ത്രങ്ങള്‍
ഉറവ വറ്റിയ ,കുഴിയിലെ കണ്ണുകള്‍
കരുതി വെച്ചിരുന്ന നാണയം
വിരലുകള്‍ക്കിടയിലിരുന്നു പിടഞ്ഞു.
നാണിച്ച്, നഗ്നനായി ഞാന്‍,
എന്റെ കണ്ണുകളില്‍ ചോര പൊടിഞ്ഞു.
ഹ്രിദയം ഇരുട്ടില്‍ മറഞ്ഞു.
ആത്മാവിനു ശ്വാസം മുട്ടുന്നു.
എന്റെ വസ്ത്രങ്ങളെവിടെ?
അപകര്‍ഷതയുടെ ആള്‍ രൂപമായി ഞാന്‍.
"ഇര"യ്ക്ക് വേണ്ടതെന്നറിയാതെ
നമ്മളെന്നും പുണ്യം തേടിയലയുന്നു.
കാരുണ്യത്തിന്റെ ഉറവ വറ്റിയ ഭൂപ്രതലം!

ഒരു നിമിഷം!
എനിക്കുമുണ്ടൊരു മകള്‍,
പറഞ്ഞയക്കും ഞാനവളെ
കയ്യിലൊരു പാത്രവും നല്‍കി
കീറിയ വസ്ത്രങ്ങളണിയിച്ച്
ചാന്ദ്നി ചൗകില്‍ പിച്ച തേടാന്‍!!!

(rsc ജുബൈല്‍ Zone സാഹിത്യൊത്സവില്‍ ഭിക്ഷ തേടുന്ന ബാലിക എന്ന വിഷയത്തില്‍ പ്രഥമ സ്ഥാനം നേടിയ എന്റെ കവിത)